കുതിരാൻ - N.H.47 ലെ ബർമുഡ ട്രയാങ്കിൾ

നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെയും കൊച്ചി തുറമുഖത്തിന്റെയും പ്രധാന രക്തവാഹിനി ധമനികളിലൊന്നായ ഈ ദേശീയ പാതയിലൂടെ ദിവസവും എണ്ണായിരത്തിലധികം ലോറികൾ കോയമ്പത്തൂരിലേക്ക് പോകുന്നുണ്ടെന്നാണ് കണക്ക് !!! സേലം, കോയമ്പത്തൂര് നിന്നും തൃശൂർ, കൊച്ചി വഴി തിരുവനന്തപുരം കടന്നു പോകുന്ന അറുനൂറ്റമ്പത് കിലോമീറ്ററിലധികം ദൈർഘ്യമുള്ള ഈ പാതയിൽ, ഡ്രൈവർമാർ പേടിക്കുന്ന ഒരു ഭാഗം, അത് കുതിരാൻ ആകും ! അവിടെ ആ വളവിൽ അവരുടെ കാലുകളിൽ നിന്ന് വണ്ടി വഴുതി പോകുന്നതു പോലെ തോന്നുമത്രേ !! രാത്രികളിലാണ് കണ്ടാൽ ഭയം തോന്നുന്ന വമ്പൻ കണ്ടൈനർ ലോറികൾ കുതിരാൻ കടന്നു പോകാറ്. കുതിരാൻ കടന്ന് വടക്കുഞ്ചേരിയിലെത്തിയാൽ ഡ്രൈവർമാർ വീട്ടിലേക്കു വിളിച്ച് ആശ്വാസത്തോടെ പറയുന്നു ‘കുതിരാൻ താണ്ടി‘, മലമ്പുഴയിലേക്കു ടൂറു പോയ വിദ്യാർത്ഥികളോട് വീട്ടിൽ നിന്ന് അമ്മമാർ വിളിച്ചു ചോദിക്കുന്നു കുതിരാൻ കടന്നോ ?.
ദേശീയ പാത വരുന്നതിനു മുമ്പേ യാത്രക്കാരുടെ പേടി സ്വപ്നമായിരുന്നു ആ ഭാഗം, മുപ്പതോളം വർഷങ്ങൾക്കു മുമ്പെ, ഒന്നു തെറ്റിയാൽ നരകത്തിലെത്തുന്ന തരത്തിൽ അപകടം പിടിച്ച ഇടുങ്ങിയ പാതയായിരുന്നു അവിടെ ഉണ്ടായിരുന്നതെന്ന് പഴമക്കാർ ഓർക്കുന്നു. ദേശീയ പാത വന്നപ്പോഴും കഥകൾക്കു വലിയ മാറ്റമില്ല. ഒരപകടം ഏതാണ്ടെല്ലാ ദിവസവും കുതിരാൻ ചുരത്തിലൂടെ ചൂളമടിച്ചു വീശുന്നു. ഇന്നത്തെ പേര് തന്റേതാകരുതേ എന്ന് ഓരോ ഡ്രൈവറും കുതിരാനിലെ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ കാണിക്കയിട്ടു പ്രാർത്ഥിക്കുന്നു. ഓരോ പുലർച്ചയിലും പുതിയതായി പ്രത്യക്ഷപ്പെടുന്ന മുഖം ചുളിഞ്ഞ വാഹനങ്ങൾ അവരുടെ നെഞ്ചിടിപ്പ് കൂട്ടുന്നു.
ഈ ഭാഗത്തെ അപകടങ്ങളുടെ ഒന്നാമത്തെ കാരണം ഈ റോഡിന്റെ തകർന്ന അവസ്ഥ തന്നെയാണ്, അതിന്റെ കൂടെ മേൽ പറഞ്ഞ വളവിലുള്ള അശാസ്ത്രീയമായ ചെരിവ് കൂടിയാകുമ്പോൾ അപകട സാധ്യത പ്രവചനാതീതമാകുന്നു. ചുരവും ചെരിവും ഗട്ടറും വിധവകളെ സൃഷ്ടിച്ചു കൊണ്ടേയിരിക്കുന്നു. അതിനാൽ ഇരുമ്പുപാലത്തിനു സമീപം സ്ഥാപിച്ചിട്ടുള്ള ആ തലയോട്ടി ചിഹ്നം മറ്റേതു സൂചനാ ബോർഡിനേക്കാളും യാത്രക്കാരെ അസ്വസ്ഥരാക്കുകയും ചെയ്യുന്നു.
അർദ്ധരാത്രിയിൽ ആറു മണിക്കൂറിലധികം കുതിരാനിലെ കാനനപാതയിൽ കുടുങ്ങിപ്പോയ ഒരു യാത്ര അടുത്തുണ്ടായി, അമ്പതു ടണ്ണിലധികം ഭാരമുള്ള ഒരു സിമന്റു കണ്ടൈനർ ഇരുമ്പു പാലത്തിനു സമീപം മറിഞ്ഞു. യാത്ര തുടരാനോ മടങ്ങാനോ കഴിയാതെ സമയത്തെ പഴിച്ചപ്പോൾ സഹയാത്രിക പറഞ്ഞത് - ഈ രാത്രി കഴിഞ്ഞാലും നമ്മൾക്കൊരു ജീവിതമുണ്ടാകും, ആ ടാങ്കറിനടിയിൽ കുടുങ്ങിക്കിടക്കുന്നവർക്കോ? അവർക്ക് ഈ രാത്രിക്കു ശേഷം ഇനിയൊരു ജീവിതമേ ഉണ്ടാകില്ലല്ലോ ?
അപകടത്തിന്റെ ചില ദൃശ്യങ്ങൾ ഇതോടൊപ്പം പോസ്റ്റുന്നു, അപകടത്തിൽ കൊല്ലപ്പെട്ടയാളുടെ മൃതശരീരത്തിന്റെ ചിത്രങ്ങളും അടങ്ങിയിരിക്കുന്നു. കാണാൻ തയ്യാറുള്ളവർ മാത്രം ഇതു വഴി വരാം.
കുതിരാനിൽ പൊലിഞ്ഞവർക്ക് നിത്യശാന്തി നേർന്നു കൊണ്ട്....



3 comments:
തൃശ്ശൂരിൽ നിന്നും പാലക്കേട്ടേയ്ക്ക് പോകുമ്പോൾ പലപ്പോഴും കുതിരാനിൽ അപകടങ്ങൾ കണ്ടിട്ടുണ്ട്. ഇതു പോലെ തന്നെ മറ്റൊരു അപകട മേഖലയാണ് എൻ എച്ച് 17ലെ വട്ടപ്പാറ വളവ്. രണ്ടു സ്ഥലത്തും റോഡ് നിർമ്മാണത്തിന്റെ അശാസ്ത്രീയയത അപകടകാരണമാണ്. ഒപ്പം വാഹനം ഓടിക്കുന്നവരും പലപ്പോഴും അപകട സിഗ്നലുകൾ അവഗണിക്കുന്നതും ഇതിന് കാരണമാകുന്നില്ലെ. ഇത്രയും അപകടം പിടിച്ച സ്ഥലത്തുകൂടെ ഭാരം കയറ്റിയ ലോറികളെ അമിത വേഗത്തിൽ മറികടക്കുന്ന വാഹനങ്ങൾ (ബസ്സും കാറും) സ്ഥിരം കാഴ്ചയല്ലെ. അപകടത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ചിത്രങ്ങൾ.
ദാരുണമായ കാഴ്ചകൾ. പക്ഷേ ഈ റൂട്ടിൽ വാഹനാപകട മരണങ്ങൾ നിത്യസംഭവമാണു. കുതിരാൻ ഒരു അപകട സോൺ തന്നെയാണു. ബസ്സിൽ യാത്ര ചെയ്യുമ്പോൾ മൽസരപ്പാച്ചിൽ കാരണം ശ്വാസം അടക്കിപ്പിടിച്ചുവേണം യാത്രചെയ്യാൻ. വാഹനപ്പെരുപ്പവും റോഡിന്റെ ശോച്യാവസ്ഥയും. പലയിടത്തും റോഡും അരികും തമ്മിലുള്ള ഉയരം കാരണം അപകടം ഉൻടാകാറുൻട്. റോഡിന്റെ വീതികൂട്ടൽ നടപടി തുടങ്ങിയെൻകിലും ഇപ്പോൾ അത് നിർത്തിവെച്ചിരിക്കയല്ലേ. എന്തിലും രാഷ്ട്രീയം കയറിവരും.
coimbatore padichirunnapol orupaadu abakadanaglku saakshiyakendi vannitundu ivide vechu. avasanamayi kazhinja kollavummm
jeevanu oru vilayum illa alle?
Post a Comment