Tuesday, November 16, 2010

നെന്മാറയെന്ന നെല്ലറ


നെല്ലിയാമ്പതി വ്യൂ പോയിന്റിൽ നിന്നുള്ള ദൃശ്യം

Saturday, November 13, 2010

ബാല്യം


മഴയെ കൊതിക്കുന്ന ബാല്യം

Monday, November 8, 2010

മുംബൈ ഡയറീസ് - 3

മുംബൈ കാഴ്ചകൾ തുടരുന്നു...

ഡബ്ബാ വാല.


മുംബൈ സന്ദർശിക്കുന്നവർ ഒരിക്കലെങ്കിലും പരിചയപ്പെടേണ്ട കൂട്ടരാണിവർ, ചർച്ച് ഗേറ്റിനു പരിസരത്ത് 11 - 11.30 നും, 2 - 2.30 ന് ഇടയ്ക്കും ഇവരെ കാണാം, കാണാൻ സമയമില്ലെന്ന് മാത്രം പറയരുത്, സമയത്തിന് നമ്മുടേതിനേക്കാൾ കണിശതയുള്ള ചാൾസ് രാജകുമാരൻ മുതൽ വമ്പൻ ബിസിനസ്സുകാർ വരെ ഇവരെ തേടി ഇങ്ങോട്ടു വരുന്നു, ഇവരെ തേടി ബിബിസി അടക്കമുള്ള ചാനലുകൾ ഇവിടെ വന്നിട്ടുണ്ട്, ഇവരാണ് മുംബൈയെ ഊട്ടുന്നവർ, പേര് ഡബ്ബാ വാലകൾ.

നിങ്ങൾ അമ്മയെ / ഭാര്യയെ സ്നേഹിക്കുന്നില്ലേ ? അവരുടെ കൈകൊണ്ടുണ്ടാക്കിയ ഭക്ഷണം ഇഷ്ടപ്പെടുന്നില്ലേ ? എന്നുള്ള താണ് ഡബ്ബാ വാലയുടെ പരസ്യ വാചകം. !
10.00, 5.00 മണി നേരങ്ങളിലെ ഗതാഗതക്കുരുക്കിൽ നിന്നൊഴിവാകാനായി പുലർച്ചെ 6.00 മണിക്ക് ഓഫീസ് ജോലികൾ ആരംഭിക്കുന്ന കമ്പനികൾ മുംബൈയിലുണ്ട്, ഇത്തരം സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് അത്ര നേരത്തേ ഉച്ച ഭക്ഷണം തയ്യാറാക്കി നൽകാൻ വീട്ടമ്മമാർക്ക് കഴിയാറുമില്ല, അതിനൊരു പ്രതിവിധിയാണ് ഡബ്ബാവാലകൾ. ലോക്കൽ ട്രെയിനിലെ തിരക്കിൽ ഭക്ഷണപ്പൊതി ഒഴിവാക്കാൻ ആഗ്രഹിക്കുന്നവരും സ്കൂൾ വിദ്യാർത്ഥികളും ഡബ്ബാവാലകളുടെ ഉപഭോക്താക്കളാണ്.

കസ്റ്റമറുടെ വീട്ടിൽ നിന്ന് 10.30 - 11.00 മണിയോടെ ഇവർ ടിഫ്ഫിൻ ശേഖരിക്കുന്നു, ഓഫീസിലെത്തിക്കുന്നു, ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ 2.30 - 3.00 മണിക്ക് അതേ പാത്രം തിരിച്ചു വീട്ടിൽ എത്തിക്കുന്നു.

വീട്ടിൽ നിന്ന് നടന്നോ സൈക്കിളിലോ ടിഫ്ഫിൻ ബോക്സ് ശേഖരിക്കും, അടുത്തുള്ള റെയിൽ വേ സ്റ്റേഷൻ പരിസരത്ത് ഇതെല്ലാം തരം തിരിച്ച് നീണ്ട ട്രേകളിലാക്കും, അവ ട്രെയിനിൽ കയറ്റി അതാതു സ്ഥലത്തെത്തിക്കും,

അവിടെ നിന്ന് ഉന്തു വണ്ടിയിൽ അതാതു സ്ട്രീറ്റിലേക്കെത്തിച്ച്, അവിടെ നിന്ന് കസ്റ്റമറുടെ കെട്ടിടത്തിലെ കൃത്യം ഓഫീസിൽ എത്തിക്കും, അവിടെ നിന്നു തിരിച്ച് വീട്ടിലേക്കും.

ഒരു ടിഫ്ഫിൻ ബോക്സ് ഉപഭോക്താവിന്റെ കൈകളിലേക്കെത്തുന്നതിനു മുമ്പ് ചിലപ്പോൾ എട്ട് ഡബ്ബാ വാലകളുടെ കൈകളിലൂടെയെങ്കിലും മറിഞ്ഞിട്ടിണ്ടാകും. ! ഇതിനെല്ലാം കൂടിയെടുക്കുന്ന സമയം പരമാവധി മൂന്നു മണിക്കൂർ !

എത്ര തിരക്കാണെങ്കിലും സംഭവം കൃത്യമായി കിറുകിറുത്യം സമയത്ത് കിട്ടിയിരിക്കും,
അങ്ങനെ ഉറപ്പിച്ചു പറയാൻ പറ്റുമോ എന്നു സംശയം തോന്നാം, വിശ്വസിച്ചേ പറ്റൂ, സാമ്പത്തിക അവലോകനത്തിൽ ലോക പ്രശസ്ത ഉസ്താക്കന്മാരായ ഫോബ്സ് മാസിക ഇവരെ സിക്സ് സിഗ്മ എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയത്, അതായത് കൃത്യതയിൽ ഇവരുടെ ശതമാനം 99. 9999 %..! മുംബൈ പോലെ ഒരു മഹാ നഗരത്തിൽ ഉദ്ദേശിച്ച സമയത്ത് ഉദ്ദേശിച്ച സ്ഥലത്തെത്താൻ ഇവർക്ക് മാത്രമേ കഴിയൂ.!

ഈ ഉന്തു വണ്ടികൾ ഒരിക്കലും വൈകാറില്ല, അതുകൊണ്ടാകാം വിർജിൻ വിമാന കമ്പനി മുതലാളിയും ലോക പ്രശസ്ത വ്യവസായിയുമായ സർ. റിച്ചാർഡ് ബ്രാൻസൻ ഇവരെ കണ്ടു പടിക്കാൻ ഇങ്ങോട്ടു വന്നത്.

ഡബ്ബാ വാലകളുടെ ശരാശരി വിദ്യാഭ്യാസം എട്ടാം ക്ലാസ്സാണ്, എന്നാൽ ഇവരുടെ മാനേജുമെന്റ് വൈദഗ്ദ്യം കാരണം ഇന്ത്യയിലെ പല ബിസിനസ്സ് മാനേജുമെന്റ് കോളേജുകളും ഇവരെ ക്ലാസ്സെടുക്കാൻ വിളിക്കാറുണ്ട്.

ശ്രീരാമ ചന്ദ്രൻ ജി പറയുന്നു...
1880 കളിൽ ബ്രിട്ടീഷുകാർക്കു വേണ്ടിയാണത്രേ ഈ ജോലി ആദ്യം തുടങ്ങിയത്, ഇപ്പോൾ 5000 ൽ അധികം ഡബ്ബാവാലകളുണ്ട്, രണ്ടു ലക്ഷത്തിലധികം ഡബ്ബകൾ ദിവസവും കൈകാര്യം ചെയ്യുന്നു, ഇവർക്കറിയാത്ത കെട്ടിടങ്ങളോ നിരത്തുകളോ മുംബൈയിൽ ഇല്ല ! ഇവർ ജോലി സമയത്ത് മദ്യപിക്കില്ല, ഇത്രകാലമായിട്ടും ഒരു ദിവസം പോലും സമരം ചെയ്തിട്ടില്ല, 5000 മുതൽ 7000 വരേയാണു ശംബളം, നമ്മുടെ ഇന്ത്യൻ കോഫി ഹൌസ് പോലെ തൊഴിലാളികളുടെ ഒരു സൊസൈറ്റിയാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ഇപ്പോൾ ഓൺ ലൈൻ വഴിയും എസ്.എം.എസ് വഴിയും ഡബ്ബകൾ ബുക്കു ചെയ്യാമത്രേ.


സ്ഥിരമായി ഭജനുകൾ സംഘടിപ്പിക്കുന്ന ഇവർ മറാത്തി സംസ്കാരം ഉയർത്തിപ്പിടിക്കുന്നവരാണ്, ഒരു ഡബ്ബാ വാലയായതിൽ അഭിമാനിക്കുന്നവർ.
ജാതി, മതം, ഭാഷാ ഭേദമന്യേ ഡബ്ബാവാലകൾ മുംബൈയെ സേവിക്കുന്നു, കൃത്യതയോടെയും ആത്മാഭിമാനത്തോടെയും കഠിനാധ്വാനത്തോടേയും ആത്മാർപ്പണത്തോടെയും.
അതുകൊണ്ട് ബഹുമതികൾ അവരെ തേടി വരുന്നു.
മറ്റു പ്രസ്ഥാനങ്ങളേക്കാൾ ഉയരത്തിൽ ഇവർ മുംബൈയുടെ പ്രതീകങ്ങളാകുന്നു.

മുംബൈ കാഴ്ചകൾ തുടരുന്നു.

Wednesday, November 3, 2010

മുംബൈ ഡയറീസ് - 2

മുംബൈ കാഴ്ചകൾ തുടരുന്നു...

ഒരു ആംഛി മുംബൈയുടെ ദിവസം ഇവിടെ തുടങ്ങുന്നു.
കോലി, ആഗ്രി എന്നീ മണ്ണിന്റെ മക്കൾ സമുദായക്കാർ മുതൽ പാർസികൾ വരെ ആംഛി മുംബൈയിൽ പെടും. നഗരത്തിലെ പ്രബല വിഭാഗമാണ് പാർസികൾ, മരിച്ചാലും ആർക്കെങ്കിലുമൊക്കെ ഉപകാരപ്പെടണം എന്ന സിദ്ധാന്തക്കാർ. മലബാർ ഹിൽസിൽ നിശബ്ദതയുടെ ടവറുകൾ എന്ന ശ്മശാനം പ്രസിദ്ധമാണ്, പണ്ട് പാർസികളുടെ മൃതദേഹങ്ങൾ അവിടെ പക്ഷികൾക്ക് നൽകിയായിരുന്നത്രേ അടക്കം ചെയ്തിരുന്നത് !
ഗേറ്റ് വേ ഓഫ് ഇന്ത്യ യുടെ സമീപത്തുള്ള ഈ പ്രാവു തീറ്റയുടെ സ്ഥാപകരും അവരായിരിക്കുമോ ?

ഇന്ത്യക്കാരനായതിനാൽ ജംഷഡ്ജി ടാറ്റ എന്ന പാർസിയെ വാട്സൺ ഹോട്ടലിൽ കയറ്റാത്തതിൽ ദേഷ്യപ്പെട്ടായിരുന്നത്രേ ഈ ടാജ് ഹോട്ടൽ പണിതത് !
യഥാർത്ഥത്തിൽ പാർസികൾ പേർഷ്യക്കാരാണ് (ഇറാനിയൻ സൌരാഷ്ട്രിയർ), ഗുജറാത്ത് വഴി മുംബൈയിലെത്തി. ടാറ്റാ, വാഡിയ, സോറബ്ജി, മോഡി, പട്ടേൽ, കാമ, മേത്ത തുടങ്ങി വമ്പൻ സർനെയിമുകളെല്ലാം പാർസി അക്കൌണ്ടിലുള്ളതാണ്. മലബാറികളുടെ കയ്യിൽ നിന്ന് മലബാർ ഹിൽസ് പോയത് പാർസികളുടെ കയ്യിലേക്കാണ്, മുംബൈയുടെ പണസഞ്ചി പാർസികൾ തന്നെ.
മുംബൈയുടെ ഐക്കണായ ഈ കെട്ടിടങ്ങളായിരുന്നു 26/11 ഭീകരാക്രമണത്തിന്റെ ഒരു ഇര.

നരിമാൻ പോയിന്റിലുള്ള ഒബ്രോയി ഹോട്ടലും (ട്രൈഡ് എന്റ്) അന്ന് ആക്രമിക്കപ്പെട്ടു (നടുവിൽ കാണുന്ന കെട്ടിടം). ഖുർഷീദ് ഫ്രാംജി നരിമാൻ എന്ന പാർസിയിൽ നിന്നാണ് നരിമാൻ പോയിന്റുണ്ടായത്. ഒന്നര ലക്ഷത്തിലധികം ഓഫീസ് ജോലിക്കാർ മുംബൈയുടെ സാമ്പത്തിക കേന്ദ്രം എന്നറിയപ്പെടുന്ന ഈ മേഖലയിൽ പണിയെടുക്കുന്നുണ്ട് എന്നാണു കണക്ക്.

26/11 നു ശേഷം നഗര സുരക്ഷയും കർശനമാക്കിയിട്ടുണ്ട്,
വെടി വെച്ചിട്ടിട്ടായിരിക്കും എന്തിനാ ഫോട്ടോയെടുത്തത് എന്നു ചോദിക്കുന്നത് ! ജീവൻ കയ്യിൽ വെച്ചുള്ള കളിയാ !

ഒരു ആർട്ടിഫിഷ്യൽ ധൈര്യത്തിൽ അങ്ങനെ നീങ്ങുമ്പോഴുണ്ട്, അടുത്ത റോഡിൽ നിന്ന് ഒച്ചേം ബഹളോം. എന്തോ ഒരു കോളൊത്തൂന്ന് കരുതി ഓടിച്ചെന്നപ്പോ...നമ്മുടെ പുലിക്കളി ! ഇതു കാണാനാണോ മുംബൈ വരെ പോയത്, അതും തൃശൂർന്ന്.

അന്ന് വിനായക ചതുർത്ഥി ആയിരുന്നു, അടുത്ത വർഷം വീണ്ടും വരാൻ അപേക്ഷിച്ച് ഗണേശ വിഗ്രഹം കടലിലൊഴുക്കുന്നതിന്റെ മുന്നോടിയായിരുന്നു മേലേ കണ്ട പുലിക്കളി.

നഗരത്തിലെ സാധാരണക്കാരന്റെ ഉത്സവമാണെന്നു തോന്നുന്നു ഈ ചതുർത്ഥി.
ഗണപതി ബപ്പ മോറിയ വിളികളുമായി അവർ അർമാന്തിക്കുകയായിരുന്നു.

ഗണേശ വിസർജ്ജനു ( വിഗ്രഹം കടലിലൊഴുക്കൽ) വേണ്ടി നഗരം അന്നു ബീച്ചുകളിലേക്കൊഴുകുകയായിരുന്നു.

നേരം ഇരുട്ടിയും അത് തുടർന്നു കൊണ്ടേയിരുന്നു.

ചില വിഗ്രഹങ്ങൾ പോകാൻ മടിച്ച് തിരിച്ചു വന്നു.

അതു പ്രതീക്ഷിച്ചായിരിക്കും, ഇത്തവണ ഇക്കോ ഫ്രണ്ട് ലി വിഗ്രഹങ്ങളാണത്രേ നിർമ്മിച്ചിട്ടുള്ളത് !

രാത്രിയിലും ഓടുന്ന ലോക്കൽ ട്രെയിനുകളാണ് മുംബൈയുടെ രക്തധമനികൾ, നഗരം ഈ ട്രാമ്പുകളിൽ പായുന്നു.

രാത്രിയിലെ മറൈൻ ഡ്രൈവ്.
ഇവിടെ കാറ്റു കൊണ്ടിരുന്ന്, മലബാർ ഹിൽസിലെ തിളങ്ങുന്ന കെട്ടിടങ്ങൾ നോക്കി സ്വപ്നങ്ങൾ പുതുക്കാം, അങ്ങനെ
ആംഛി മുംബൈയുടെ ഒരു ദിവസം ഇവിടെ അവസാനിക്കുന്നു.

മുംബൈയുടെ ശേഷിക്കുന്ന കാഴ്ചകളിലേക്കു പോകുന്നതിനു മുമ്പ് ഒരു ചെറിയ ഇടവേ.

Related Posts with Thumbnails

Blog Archive

V Card

V Card

About Me

My Photo
പാച്ചു ദ് ഗ്രേറ്റ്

എന്റെ അടുത്ത സുഹൃത്തുക്കള്‍

  © Blogger template 'The Pattern' by Ourblogtemplates.com 2008

Back to TOP