മുംബൈ ഡയറീസ് - 1
തൃശൂരിന്റെ വാണിജ്യ തലസ്ഥാനം അരിയങ്ങാടിയിലൂടെ നടക്കുമ്പോൾ ഒരു കാലത്ത് സ്ഥിരം കേട്ടിരുന്ന ഡയലോഗാണിത്
കാലം മാറി ബോംബെ മുംബൈ ആയി...
ഇത് മുംബാ ദേവിയുടെ ക്ഷേത്രം, ദേവിയിൽ നിന്നാണ് നഗരത്തിനീ പേരു കിട്ടിയത്, മുംബൈയിൽ നിന്ന് നേടിയത് മുംബൈയിൽ തന്നെ ചിലവാകുമത്രേ, ഇവിടുത്തെ സമ്പത്ത് പുറത്തു പോകാൻ മുംബാദേവി സമ്മതിക്കില്ല എന്നൊരു വിശ്വാസവും നിലവിലുണ്ട്..!
ഇതി സി.എസ്.ടി ടെർമിനൽ, യുനെസ്കോ ലോക പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തിയ കെട്ടിടമാണിത്. ഭാഗ്യാന്വേഷിയായ പ്രവാസിയുടെ അവസാന റെയിൽവേ സ്റ്റേഷൻ.ബ്രിട്ടിഷ് ഈസ്റ്റിന്ത്യാ കമ്പനിയാണ് ഈ റെയിൽ വേ സ്റ്റേഷൻ സ്ഥാപിച്ചത്. ആദ്യം ഇത് വി.ടി ആയിരുന്നു, വിക്ടോറിയാ ടെർമിനൽ, ഇപ്പോൾ സി.എസ്.ടി, ഛത്രപതി ശിവാജി ടെർമിനൽ.
പതിനേഴാം നൂറ്റാണ്ടിലെ ഛത്രപതി ശിവാജി മറാത്തികളുടെ ദേശീയതയുടെ പ്രതീകമാണ്.പറഞ്ഞു വന്നത്, മുംബൈയിലെത്തിയ ആദ്യ പുറം രാജ്യക്കാർ പറങ്കികളായിരുന്നു. പതിനാറാം നൂറ്റാണ്ടിൽ ഗുജറാത്ത് സുൽത്താനിൽ നിന്ന് പോർച്ചുഗീസുകാർ കൈവശപ്പെടുത്തുമ്പോൾ മുംബൈ മൊത്തം ഏഴു ദ്വീപായിരുന്നു, പറങ്കി രാജകുമാരിയെ ഇംഗ്ലണ്ട് രാജകുമാരൻ ചാൾസ് രണ്ടാമനു മംഗലം ചെയ്തു കൊടുത്ത വകയിൽ ദ്വീപുകളുടെ ആധാരം സ്ത്രീധന ഉരുപ്പടിയാക്കി ബക്കിംഹാം കൊട്ടാരത്തിലെത്തിച്ചു.
രാജകുമാരിയുടെ ചെലവു താങ്ങാൻ പറ്റാഞ്ഞിട്ടോ, രാജകുമാരനു കൊണ്ടു നടക്കാൻ പറ്റാഞ്ഞിട്ടോ എന്തോ, നഗരത്തിന്റെ ആധാരം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കു പണയം വെച്ചു ടിയാൻ ലോണെടുത്തു.
ബ്രിട്ടീഷുകാർ കടൽ നികത്തി ദ്വീപുകളെ കൂട്ടിയിണക്കി മുംബൈ എന്ന തുറമുഖ നഗരത്തെ സൃഷ്ടിച്ചു. ഇംഗ്ലണ്ടിലെ ജോർജ്ജ് അഞ്ചാമൻ രാജാവിനെയും മേരിത്തമ്പുരാട്ടിയേയും വരവേൽക്കാൻ നിർമ്മിച്ചതാണ് ഈ ഗേറ്റ് വേ ഓഫ് ഇന്ത്യ. അതു പോലെ പല കച്ചവടക്കാരും കടൽ കടന്ന് മുംബൈയിലെത്തി, മാഞ്ചസ്റ്റർ മാതിരി തുണി നിർമ്മാണ ശാലകൾ സ്ഥാപിച്ചു, ഗ്രാമങ്ങളിൽ നിന്ന് തൊഴിലാളികൾ നഗരത്തിലേക്കു കുടിയേറാൻ തുടങ്ങി.
ഫോർട്ടിലെ ഈ കെട്ടിടം പോലെ പ്രൌഢിയായി ഉയർന്നു നിൽക്കുന്ന കൽകെട്ടിടങ്ങൾക്കു പിന്നിലെ വിയർപ്പ് ആന്ധ്രയിലെ കാമാടിയിൽ നിന്നുള്ള കൽപ്പണിക്കാരുടേതാണ്, ലോക പ്രശസ്ത ശില്പികളുടെ മേൽ നോട്ടത്തിൽ ബ്രിട്ടീഷുകാർ മുംബൈയിൽ കെട്ടിടങ്ങൾ പണിതുയർത്തി.
രക്തസാക്ഷി ചതുരത്തിലെ ഫ്ലോറ ഫൌണ്ടനു മുന്നിലൂടെ പായുന്ന വാഹനങ്ങളേക്കാൾ വേഗമുണ്ടായിരുന്നു മുംബൈയുടെ വളർച്ചയ്ക്ക്. രാത്രിയേറെയായിട്ടും സീബ്രാ വരകൾക്കു പിന്നിൽ റോഡു ക്രോസ്സ് ചെയ്യാൻ നിൽക്കുന്നവരെപ്പോലെ, എല്ലാ കാലത്തും തൊഴിലന്വേഷകർ മുംബൈയിലേക്കു വന്നു കൊണ്ടേയിരുന്നു.
ഇടുങ്ങിയ മുറികളിൽ സ്വപ്നങ്ങളെ കെട്ടിപ്പിടിച്ച് ഭാഗ്യാന്വേഷികൾ അട്ടിയിട്ട് കിടന്നു, ഇന്നും ഒരാൾ കിടക്കേണ്ടിടത്ത് ഒൻപതു പേർ കിടന്ന് രാത്രി വെളുപ്പിക്കുന്നു.
മുംബൈ ഒരു റാണിയാണെങ്കിൽ മലബാർ ഹിൽസ് റാണിയുടെ നെക്ലേസ് ആണ്, കുതിച്ച മുംബൈയുടെ ലാഭം പങ്കിട്ടവർ ഇവിടെയാണ് താമസിക്കുന്നത്, വടക്കൻ കേരളത്തിലെ (മലബാറിലെ) ഒരു കച്ചവട കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥലമായതുകൊണ്ടാണ് ഇതിനെ അങ്ങനെ വിളിക്കുന്നതെന്ന് ഒരു വാദമുണ്ട്, എല്ലാവർക്കും മലബാർ ഹിൽസിൽ ഒരു ഫ്ലാറ്റു വേണം !
എന്നാൽ ഭാഗ്യാന്വേഷണം അവരെ ഈ ചേരികളിൽ കുരുക്കിയിടുന്നു, അങ്ങനെ രണ്ടു സംസ്കാരങ്ങൾ ഇവിടെ മുഖാമുഖം നോക്കി നിൽക്കുന്നു. ധനികർക്ക് നിയമം വേറെയാണ്, ചേരികളിൽ താമസിക്കുന്നവർക്കും, ഇന്ത്യയിലെ ഏറ്റവും ജനനിബിഢമായ നഗരത്തിലെ പകുതി ജനങ്ങളും താമസിക്കുന്നത് ഈ ചേരികളിലാണ്, ഇവിടെ നിന്നാണ് നിന്നാണ് കരിം ലാല, ഹാജി മസ്താൻ, വരധരാജ മുതലിയാർ മുതൽ അരുൺ ഗാവ് ലി, അശ്വിൻ നായക്, രവി പൂജാരി മാർ വരെയുള്ള അധോലോക വില്ലന്മാർ ഉയർന്നു വന്നത്.മുംബൈയിലൂടെയുള്ള യാത്ര തുടരുന്നു.





























