Thursday, August 26, 2010

കന്നുപൂട്ട് മത്സരം


വിഡിയോ ജോക്കി സൈറസ് ബ്രോച്ചയെ നമ്മളറിയും, ഡിസ്ക് ജോക്കി ബല്ലി സാഗൂ, ഹോഴ്സ് ജോക്കി സൂരജ് നരേഡു, റേഡിയോ ജോക്കി അമീൻ സയാനി എന്നിവരേയും നമ്മൾ അറിയും, കന്നു ജോക്കി വാസൂനെ ആർക്കറിയാം..? മേൽ പറഞ്ഞവർക്കൊന്നും ഒരു സ്ഥാനവുമില്ലാത്ത ഒരിടത്ത് കന്നു ജോക്കി വാസുവാണ് താരം. വാസുവിനും മുത്തുവിനും തുടങ്ങി പല കന്നു ജോക്കിമാർക്കും അവിടെ നിറയെ ആരാധകരാണ്.! കോട്ടായി, ചിറ്റൂർ, എരിമയൂർ, കുത്തനൂർ, പെരിങ്ങോട്ടുകുറിശ്ശി, മൂടപ്പല്ലൂർ തുടങ്ങി പാലക്കാടു ജില്ലയിലെ വിദൂര ഗ്രാമങ്ങളിൽ നിന്ന് ലോറിയിലും 407 ലും കൂട്ടംകൂട്ടമായി വന്ന് ഇവർ ജോക്കികൾക്കുവേണ്ടി ആർപ്പു വിളിക്കുന്നു, വാതു വെയ്ക്കുന്നു.!.
കന്നു ജോക്കിയെന്നൊക്കെ പറയുമ്പോൾ ഒരു പുച്ഛം തോന്നുന്നുണ്ടോ
.? ഇതാണ് അവരുടെ കളി..!

ഇതു കളി വേറെയാണു നാരായണാ..!


കളിയിങ്ങനെ...കന്നുകളിൽ ഈയൊരു സുന ഘടിപ്പിക്കുന്നു..


ഇതിന്റെ മുകളിലാണ് ജോക്കി കയറി നിൽക്കുന്നത്, സ്റ്റിയറിങ്ങും ആകെയുള്ള പിടിവള്ളിയും കന്നുകളുടെ വാൽ മാത്രമാണ്.


ഫോർമുലാ വൺ കാറോട്ട മത്സരം പോലെ എക്സ്പെർട്ടുകളുടെ ഒരു ടീം ജോക്കികൾക്കു പിന്നിലുണ്ടാകും, അവർ കന്നുകളുടെ കഴുത്തിൽ നുകം ഉറപ്പിക്കുന്നു...


ഇതാണ് സ്റ്റാർട്ടിംഗ് പോയിന്റ്....


ഫ്ലാഗ്ഗ് ഉയരുന്നതോടെ ആവേശം ആരംഭിക്കുന്നു..

ഇവിടെയും ഫിനിഷിംഗ് പോയിന്റിലും സമയം അളക്കുവാനുള്ള മേൽനോട്ടക്കാരുണ്ടായിരിക്കും.


ട്രാക്ക് കുറഞ്ഞ സമയംകൊണ്ട് ഓടിത്തീർക്കുന്നവർ വിജയിക്കുന്നു.


ചെളിയിൽ ചാടി മറിഞ്ഞ് അവരുടേതായ സ്റ്റൈലിൽ വിജയങ്ങളും ആഘോഷിക്കുന്നു.


ദക്ഷിണേന്ത്യയിലെ കന്നോട്ട മത്സരത്തിന്റെ ചരിത്രം തിരഞ്ഞു പോയാൽ നമ്മളെത്തി നിൽക്കുക സംഗകാലഘട്ടത്തിലെ മധുരയിലെ ചോള രാജവംശത്തിന്റെ രാജധാനിയിലായിരിക്കും....അല്ലേ നമ്മളിപ്പോളെന്തിനാ അങ്ങോട്ട് പോണേ..! ചുമ്മാ പടങ്ങള് കണ്ട് അർമ്മാന്തിച്ചാൽ പോരേ...! പാലക്കാട് ടൌണിൽ നിന്ന് 15 കി.മി ഇപ്പുറം തൃശൂർ റോഡിനരികിലായി ചിതലി എന്ന സ്ഥലത്താണ് ഓണം കഴിഞ്ഞ് അവിട്ടം ദിവസം ഈ കാർഷികാഘോഷം നടക്കാറ്.

ഒരു വമ്പൻ ജനക്കൂട്ടം ഇതു കാണുവാൻ വർഷവും ഇവിടെ എത്താറുണ്ട്.


ചിതലിയിലെ ഹരിദാസ് സ്മാരക സ്റ്റേഡിയത്തിലാണ് കന്നു പൂട്ട് നടക്കുന്നത്.


സ്റ്റേഡിയത്തിലെ ബാൽക്കണിയിൽ ഇടം കിട്ടാത്തർ സ്വന്തം നിലയ്ക്കും സീറ്റ് സംഘടിപ്പിക്കും.


ജില്ലയുടെ പലഭാഗങ്ങളിൽ നിന്നായി വാഹനങ്ങളിൽ കന്നുകളെ എത്തിക്കുന്നു.


കന്നുകളെ ഉപദ്രവിക്കാതെ ഉത്സവം നടത്തണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം,


അതിനായി നിരീക്ഷകനേയും കോടതി നിയമിച്ചിട്ടുണ്ട്.


ഓട്ടം തുടങ്ങിയാൽ ആവേശം അണപൊട്ടുകയായി..


പ്രായ ഭേദമന്യേ എല്ലാവരു അർമ്മാന്തിക്കുന്നു.


വെല്ലാണ്ട് അർമ്മാന്തിച്ച് വടത്തിനപ്പുറത്തേക്കു നീങ്ങിയാൽ മാമന്മാരു വന്നു നീക്കിക്കോളും..!


ജോക്കികളുടെ പ്രത്യഭിവാദ്യം ലഭിക്കുന്നവർ ഭാഗ്യവാന്മാർ....


കൂട്ടുകാരുടെ മുളകു ബജിയും ചായയും അവർക്കുള്ളതാണത്രേ..!


പോത്ത്, കാള, പോത്ത് - കാള (മിക്സഡ് ഡബിൾസ്) എന്നീ മൂന്നു വിഭാഗങ്ങളിലായി സീനിയർ, ജൂനിയർ, സബ് ജൂനിയർ എന്നീ തലങ്ങളിലാണ് മത്സരം ഉണ്ടാകുക.


ഇത്തവണത്ത വിജയികൾ ആരാണോ അവരായിരിക്കും അടുത്ത ഒരു വർഷത്തേയ്ക്ക് പാലക്കാട്ടെ ഈ വയലുകളിലെ രാജാന്മാർ...!



നന്ദി.

(ക്യാമറ: നിക്കോണ്‍ ഡി.90, ലെന്‍സ്: സിഗ്മ 18 ~ 50 mm, f2.8, സിഗ്മ 70 ~ 300 mm, സ്ഥലം: ചിതലി / പാലക്കാട്)



Friday, August 20, 2010

യാത്ര

യാത്രകൾക്കായി മറ്റൊരവധിക്കാലം കൂടി..!
അതിരപ്പിള്ളിയിൽ നിന്നൊരു ദൃശ്യം.

Thursday, August 19, 2010

കളമെഴുത്ത് - 5

കളമെഴുത്ത് തുടരുന്നു...

മുഖത്തിന്റെ അവസാനവട്ട അലങ്കാരങ്ങൾ..

ദേവിയുടെ കിരീടം..

കിരീടത്തിലെ അലങ്കാരപ്പണി...

രൂപം പൂർത്തിയാക്കുന്നു...

ചതുരത്തിനുള്ളിലെ പശ്ചാത്തലത്തിൽ പ്രത്യേക ഡിസൈനുകൾ...

കളം വരച്ചു മുട്ടിക്കുന്നു...

വിളക്കു കൊളുത്തുന്നു..

എഴുത്ത് പൂർത്തിയായ ഭദ്രകാളിക്കളം..!

കളത്തിന്റെ വലതു വശത്തായി ചെമ്പട്ട് വിരിച്ചു വെച്ചിരിക്കുന്ന വാൾ..



മുടിയേറ്റ് എന്ന ക്ഷേത്രാനുഷ്ഠാന ചടങ്ങിന്റെ ഭാഗമായാണ് ഇവിടെ കളമെഴുതിയ്ത്, എഴുത്തിനെ തുടർന്ന് തിരിയുഴിച്ചിലും, കളം പാട്ടും നടത്തുന്നു, തുടർന്ന്, പാടിയുണർത്തപ്പെട്ട ഭദ്രകാളി ദാരികനെ വധിക്കുന്നതിന്റെ അവതരണവും ഉണ്ടാവും, വളരെ പ്രാചീനമായ ആ കലാ രൂപത്തിൽ ദേവിയുടെ രൂപത്തിൽ കളമെഴുതിയ ആശാൻ തന്നെ വേഷം കെട്ടിയാടുന്നു...

ശ്രീ വി.എം. ശങ്കരനാരായണ കുറുപ്പ്
ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ശ്രീഭദ്ര കൊരട്ടി എന്ന സംഘമാണ് ഈ കളം ഒരുക്കിയത്. നിരവധി പെരുമപ്പെട്ട പുരസ്കാരങ്ങൾ നേടിയിട്ടുള്ള അതിശയിപ്പിക്കുന്ന ഒരു കലാകാരനാണിദ്ദേഹം, കളമെഴുതുമ്പോൾ ചിത്രകാരനും, അതു കഴിഞ്ഞ് ഉപകരണങ്ങൾ കൊട്ടിപ്പാടുന്ന ഗായകനും, കാളിയുടെ മുടിയേറ്റി ആടുന്ന നടനുമൊക്കെയാകുന്നു ഈ വൃദ്ധൻ..! ഒരു ദിവസം മുഴുവൻ ഒരേ നിൽ‌പ്പിൽ നിന്നു പടമെടുത്തതിന്റെ പുറം വേദനയിൽ അഹങ്കരിച്ച ഇളമൈ ഫോട്ടോഗ്രാഫറെ, അതിലധികം സമയം കുനിഞ്ഞിരുന്ന് കളമെഴുതുകയും ശേഷം പൂജയും പാട്ടും മുടിയേറ്റു യുദ്ധവും നടത്തി ഈ വൃദ്ധൻ നാണിപ്പിക്കുന്നു.

ശ്രീ വി.എം. ഗോപാല കൃഷ്ണ കുറുപ്പ്
ആശാന്റെ സഹോദരനായ ഇദ്ദേഹമാണ് പ്രധാന സഹായി, അടുത്ത ആശാൻ..!
കളമെഴുത്ത് ഇവിടെ പൂർണ്ണമാകുന്നു.

നന്ദി.

(ക്യാമറ: നിക്കോണ്‍ ഡി.90, ലെന്‍സ്: സിഗ്മ 18 ~ 50 mm, f2.8, സിഗ്മ 70 ~ 300 mm,

കേരള ലളിത കലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ തൃശൂരിൽ നടത്തിയ കളമെഴുത്ത് ഉത്സവത്തിൽ നിന്ന് പകർത്തിയത്)


Wednesday, August 18, 2010

കളമെഴുത്ത് - 4


കളമെഴുത്ത് തുടരുന്നു...

ദേവിയുടെ കോലത്തിനു ചുറ്റും ചതുരാകൃതിയിൽ ബോർഡർ വരക്കുന്നു.

ചതുരത്തിൽ വെള്ള നിറയ്ക്കുന്നു..

അലങ്കാരങ്ങൾ തുടരുന്നു..

അവസാനമായി എഴുതുന്നത് മുഖമാണ്..

പല്ലുകളുടെ നിറം..


പാദങ്ങൾക്കടിയിൽ ചക്രത്തിന്റെ എഴുത്തും അതേ സമയത്തു തന്നെ...

ചക്രം ഭൂമിയെ പ്രതിനിധീകരിക്കുന്നതാവാം...

കോർണ്ണർ ഡിസൈനുകൾ..

ദേവിയുടെ പല്ലുകൾ പൂർത്തിയായി..ഇപ്പോൾ അടഞ്ഞ രൂപത്തിലാണ്..

ഇതിൽ പല്ലുകൾ തുറന്നതു ശ്രദ്ധിക്കുക..ശേഷം മൂക്ക്, പച്ചപ്പൊടി കൂട്ടിയിട്ട് മൂക്ക് എഴുതുന്നു..

തുടർന്ന് കണ്ണുകൾ...അരിപ്പൊടി കൂട്ടിയിടുന്നു...

ഈ സുന ഉപയോഗിച്ച് ചെരിച്ച് അമർത്തുന്നു,

അതുനു മുകളിൽ കൃഷ്ണമണിക്ക് കറുപ്പ് ഇട്ട്, അതും സുന വെച്ച് അമർത്തുന്നു..

കൺപീലികൾ നീട്ടിയെഴുതി, കൃഷ്ണമണികൾക്കുമുകളിൽ ചുവപ്പിട്ട് അമർത്തുന്നു...!

കളമെഴുത്തു തുടരുന്നു..

Related Posts with Thumbnails

Blog Archive

V Card

V Card

About Me

My Photo
പാച്ചു ദ് ഗ്രേറ്റ്

എന്റെ അടുത്ത സുഹൃത്തുക്കള്‍

  © Blogger template 'The Pattern' by Ourblogtemplates.com 2008

Back to TOP