Wednesday, June 30, 2010

മാമ്പഴക്കാലം

ഭാരതം ലോകത്തിനു സമ്മാനിച്ച പഴങ്ങളില്‍ പ്രമുഖനാണ് മാമ്പഴം, രാമായണത്തില്‍ വരെ ടിയാനെക്കുറിച്ച് പരാമര്‍ശമുണ്ടത്രേ, ആയുര്‍വ്വേദത്തില്‍ ഇദ്ദേഹത്തെ പഴങ്ങളിലെ രാജാവെന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്, വലിയൊരു മാവിന്‍ തോട്ടം സ്വന്തമായുള്ളത് അഭിമാനമായി രാജാക്കന്‍മാര്‍ കരുതിയിരുന്നുവെന്നും ഗൂഗിള്‍ പറയുന്നു,

അങ്ങനെ പഴങ്ങളിലെ രാജാവും രാജാക്കന്‍മാരുടെ പഴവും ഈ മാമ്പഴമാകുന്നു.

മാമ്പഴക്കാലമായാല്‍ കായ്ചു നില്‍ക്കുന്ന മാവുകള്‍ തേടി മാങ്ങവേട്ടക്കാരിറങ്ങുന്നു
. സീസണു മുമ്പേ മാവുകള്‍ ബുക്കുചെയ്യുന്നവരുമുണ്ട്. മാങ്ങ പ്രായപൂര്‍ത്തിയായി മാമ്പഴമാകുന്നതിനു മുമ്പ് തന്നെ കച്ചവടത്തിനായി അവരെ കൈവശപ്പെടുത്തുന്ന കശ്മലന്‍മാരുടെ തൊഴിലാകട്ടെ ഇത്തവണ..


ഒരിനക്കം, ഇലയില്‍ക്കിടയിലൂടെ വന്ന വലകെട്ടിയ ഒരു മുളന്തോട്ടി രാജാക്കന്മാരെ കീഴ്പെടുത്തുന്നു.


ഇവരാണാ വേട്ടക്കാർ.


രാജാവിനെ കയ്യിലാക്കി..


മാങ്ങേ നീയാണെന്റെ അന്നം..


ഉന്നതങ്ങളിൽ നിന്നും താഴേയ്ക്ക്.


അടിയിൽ പുരുഷോത്തമൻ ജി റെഡിയാണ്

രാജ്യം നഷ്ടപ്പെട്ട മാങ്ങ നേരെ പുരുഷു ചെരിച്ചു പിടിച്ച ചാക്കിലേയ്ക്ക്


.. ഇതാണല്ലെ ചാക്കിട്ടു പിടുത്തം

മേങ്ങോ പഴുപ്പിക്കാനായിരിക്കും...നിലത്തോട്ടുള്ള വീഴ്ചയുടെ ആഘാതം കുറയ്ക്കാമല്ലോ..!


മാങ്ങയുടെ ഞെട്ട് ഒടിച്ച് ആ ഭാഗം അടിയിലാക്കി വെയ്ക്കുന്നു, പശ ഇറങ്ങാനായിരിക്കും..


വീണ്ടും അടുത്ത മാങ്ങയെ വരവേൽക്കാനായി മുകളിലേയ്ക്ക്..


മാങ്ങാകൊതിയന്‍മാര്‍ക്ക്..


ചില മേങ്ങോസ് മാത്രമേ പുരുഷു ജി യുടെ ചാക്കിൽ വീഴാതിരുന്നിട്ടുള്ളൂ, മുകളിലെ വേട്ടക്കാരും അടിയിലെ പിടുത്തക്കാരനും ഒരേ രീതിയിലാണു ചിന്തിക്കുന്നതെന്നു തോന്നുന്നു, കുറച്ചു നേരം കമ്പ്യൂട്ടറിന്റെ മുന്നിലിരിക്കുമ്പോൾ എന്നെപ്പോലുള്ളവർക്ക് കഴുത്തു കടയുന്നു, ഇദ്ദേഹം ദിവസം മുഴുവനും ഇങ്ങനെ മുകളിലേയ്ക്ക് നോക്കിയാണു പണിയെടുക്കുന്നതെന്നു തോന്നുന്നു.


കൊമ്പൻ ബാബുവേട്ടന്റെ വളപ്പിൽ നിന്നു മാങ്ങയെറിഞ്ഞിട്ട്, സ്കൂളിന്റെ മതിലിലടിച്ച് കഷണമാക്കി പങ്കിട്ട, ആ മാമ്പഴക്കാലത്തിന്റെ ഓർമ്മയിൽ...


നന്ദി.

(ക്യാമറ: നിക്കോണ്‍ ഡി.90, ലെന്‍സ്: സിഗ്മ 18 ~ 50 mm, f2.8, സിഗ്മ 70 ~ 300 mm, സ്ഥലം: കണ്ണൂർ സിറ്റി)



Tuesday, June 29, 2010

മീശ മാർജ്ജാരൻ

കീരിക്കാടനെ തോൽ‌പ്പിക്കാൻ അവതരിച്ച സേതുമാധവൻ.



Friday, June 25, 2010

എട്ടു കാലിന്റെ കര്‍മ്മം

അപ്പോള്‍ ചിലന്തി എന്തിനാ വല നെയ്യുന്നത് ?....അതാണതിന്റെ കര്‍മ്മം...മീന്‍സ് ജോലി.....വല കെട്ടി ഇരയെ പിടിക്കുന്നു......അതിനെ ശാപ്പിടുന്നതോടെ എനര്‍ജി കിട്ടുന്നു....എനര്‍ജിയുണ്ടെങ്കിലല്ലേ ജോലി ചെയ്യാന്‍ പറ്റൂ....അപ്പോള്‍ എന്താണതിന്റെ ജോലി ?....വല നെയ്യല്‍...!

നൂറ്റാണ്ടുകളായി ചിലന്തികള്‍ വല കെട്ടിക്കൊണ്ടേയിരിക്കുന്നു, ചെറിയ പ്രാണികള്‍ അതില്‍ വീണു കൊണ്ടേയിരിക്കുന്നു. ഇരകളാകുക എന്നുള്ളതും ചില കര്‍മ്മങ്ങളാണെന്നു തോന്നുന്നു.


വീട്ടു വരാന്തയോടു ചേര്‍ന്നു, സംപൂജ്യ മാതാശ്രീ പൂച്ചെടി പടര്‍ത്താന്‍ കെട്ടിയ ചൂടിക്കയറില്‍ ഒരെനക്കം, ഒരു ചിലന്തി ജോലി ആരംഭിക്കുകയാണ്, ബെല്‍റ്റിട്ട് തറ വാര്‍ക്കുകയാണെന്നു തോന്നുന്നു..


'Y' ആകൃതിയില്‍ ആരംഭിച്ച് തുല്യ അകലത്തില്‍ വലയുടെ പാദങ്ങള്‍ നെയ്തു തീര്‍ക്കുന്നു..


വലയുടെ നടുവില്‍ നിന്ന് വളയങ്ങള്‍ നെയ്തു തുടങ്ങുന്നു..

ആദ്യ ഭാഗത്തിനു ശേഷം അകലങ്ങളിലേയ്ക്കു നീങ്ങുമ്പോള്‍ നല്ല ഗ്യാപ്പിലാണ് വളയങ്ങള്‍ നെയ്യുന്നത്...അതിനകത്തു കൂടി പ്രാണികള്‍ വിത്ത് ഫാമിലി പറക്കും...


ശവി പോളിടെക്നിക്ക് ആണെന്നു തോന്നുന്നു, ഇപ്പോ ഗ്യാപ്പ് ഫില്ല് ചെയ്യുകയാണ്, ഫില്ലിംങ് വര്‍ക്ക് പുറം ഭാഗത്തു നിന്നാണ് ആരംഭിച്ചത്..


സിവിലായിരിക്കും...!, മേസ്തിരിമാര് ടേപ്പു വെച്ച് അളക്കുന്നതു പോലെയാണ് പണിയുന്നത്, അടുത്ത റൌണ്ടില് സ്നാപ്പാന്നു വെച്ചാല്‍ പണി തീര്‍ന്നിട്ടുണ്ടാകും, അത്ര വേഗത്തിലാണ് നെയ്യുന്നത്..


മുമ്പ് പരിചയപ്പെട്ട ഒരു ചിലന്തിയും പുറം ഭാഗത്തു നിന്നാണു ഗ്യാപ്പു ഫില്‍ ചെയ്ത് വന്നത്, അപ്പോള്‍ അതിനു പിന്നിലും ഒരു കണക്കുണ്ടാകും..! മെക്കാനിക്കലാ...മെക്കാനിക്കല്‍...


സംഗതി വയറ്റിപ്പിഴപ്പാണെങ്കിലും ഇതു മുഴുവന്‍ നെയ്യല് ഇത്തിരി മല്ലു തന്നെ..


ചിലന്തി നെയ്യല്‍ കണ്ടു ആത്മ വിശ്വാസം കേറി ഏതോ ഒരു രാജാവ് യുദ്ധത്തിനു പോയ സംഭവം ഉണ്ടല്ലോ.?..ല്ലേ !


ഇനി ഈ വലപ്പണി കണ്ട് ആരെങ്കിലും തല്ലു കൂടാന്‍ പോയി അടി മേടിച്ചാല്‍ ഞാനോ ഈ ചിലന്തിയോ ഉത്തരവാദിയല്ലെന്നു ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു...!


പണി അതിന്റെ അന്തിമ ഘട്ടത്തിലേയ്ക്കെത്തിയിരിക്കുന്നു..


മദ്ധ്യഭാഗത്ത് ബാക്കി വന്ന റോ മെറ്റേരിയല്‍സ് ചിലന്തി തന്നെ തിന്നുമത്രേ..!


ഒരു വരയിലാരംഭിച്ച് ഒരു ചിത്രം മുഴുവന്‍ ചിലന്തി വരച്ചു മുഴുവനാക്കി...


ഇനി കാത്തിരിപ്പ്...ഈ വലയ്ക്ക് പശിമയുമുണ്ടാകും, വന്നു പെടുന്നവര്‍ക്ക് അത്ര പെട്ടെന്ന് രക്ഷപ്പെടുവാന്‍ പറ്റില്ല..


വലയില്‍ വല്ല പ്രാണിയും പെട്ടാന്‍ ആ നിമിഷം അതു തിരിച്ചറിയും...ആ വലയിലൂടെ സിഗ്നലുകളും സഞ്ചരിക്കുമെന്നു തോന്നുന്നു..


ഇര വലയില്‍ കുടുങ്ങിയതു കണ്ടു ലെന്‍സും ക്യാമറയും ശരിയാകുമ്പോഴേക്കും ചിലന്തി ശാപ്പിട്ടു കഴിഞ്ഞിരിക്കും...പല ശ്രമങ്ങള്‍ക്കു ശേഷം (ക്യാമറയില്‍) കുടുങ്ങിയ ഒരു ഹതഭാഗ്യനെ ശാപ്പിടുന്നു.!


ശേഷം വീണ്ടും കാത്തിരിപ്പ്.....

വെറുതെയിരിക്കുമ്പോള്‍ വീണ്ടും സംശയങ്ങള്‍, അല്ലാ എന്തിനാ ചിലന്തി ഇരയെ പിടിക്കുന്നേ ?, അതിനു വിശപ്പു മാറ്റാന്‍......എന്തിനാ വിശപ്പു മാറ്റുന്നേ ?....ജോലി ചെയ്തു ജീവിക്കാന്‍....എന്താ ചിലന്തിയുടെ ജോലി ?.... വല നെയ്യല്‍....

അപ്പോള്‍ ചിലന്തിയെന്തിനാ വല നെയ്യുന്നേ..?

(ക്യാമറ: നിക്കോണ്‍ ഡി.90, ലെന്‍സ്: സിഗ്മ 18 ~ 50 mm, f2.8)

Sunday, June 20, 2010

അമ്മയും കുഞ്ഞും

അമ്മയും കുഞ്ഞും

Friday, June 18, 2010

പൊന്‍മുട്ടയിടുന്ന താറാവ്

നെൽ‌പ്പാടങ്ങളിലെ കാഴ്ചകൾ അവസാനിക്കുന്നില്ല, അതു മറ്റൊന്നിനോടു വിളക്കിച്ചേർത്തിരിക്കുന്നു,


ഒരു ഞായറാഴ്ച അവധി ദിവസമാസ്വദിക്കുവാൻ, കൊയ്തൊഴിഞ്ഞ നെല്പാടത്തിലൂടെ കാറ്റും കൊണ്ട് നടക്കുമ്പോഴുണ്ട് ഒരു കലപില ശബ്ദം അടുത്തു വരുന്നതു പോലെ...


താറാവു കൃഷിക്കാരാണ് !

അവർ കോൾ നിലങ്ങളിലോടു ചേർന്നുള്ള തോടുകളിലൂടെ താറാവുകളെ മേയ്ച് വരുന്നു..


ഫൈബറുകൊണ്ടുട്ടാക്കിയ ഒരു തരം ഭാരം കുറഞ്ഞ തോണിയിലാണവരുടെ സഞ്ചാരം, അതിൽ കയറി ചാട്ടുളി പോളെ അവർ പായുന്നതു കാണുമ്പോൾ നമുക്കു പേടിയാകും..!


ഈ മുളവടി ഉപയോഗിച്ച് ഈ താറാവുകളെയും തോണിയേയും ഡ്രൈവു ചെയ്യുന്നു, ടു ഇൻ വൺ മുളവടി.


ആ മുളവടിയിലൂടെ അയാൾ പറയുന്നത് അവർക്കു മനസ്സിലാകുന്നുണ്ടെന്നു തോന്നുന്നു, അവർ കൃത്യമായി റോഡിലേയ്ക്കു കയറി...


സീബ്രാലൈൻ കാ‍ണത്തതു കൊണ്ടാണോ ചിലർ റോഡു ക്രോസ് ചെയ്യാൻ മടികാണിക്കുന്നതു പോലെ...


അല്ല..അവർ കൂട്ടുകാർ വരാൻ കാത്തു നിൽക്കുകയായിരുന്നു...


അവർ കൂടെ വന്നതോടെ കാര്യങ്ങൾ ഉഷാറായി...പാടത്തേയ്ക്കാണവരുടെ പോക്ക്..


ഓഹോ..അപ്പോൾ ഇവരാണ് ഈ പാടം ഒരു മാസത്തിനു ലേലം പിടിച്ച താറാവു കർഷകർ..


വലകൊണ്ട് കൂടൊരുക്കുന്ന ഈ ചേട്ടനാണ് കാര്യങ്ങൾ പറഞ്ഞു തന്നത്.

പാടശേഖര കമ്മിറ്റിക്കാരിൽ നിന്ന് ഒരു കർഷകൻ ഇത് വാടകയ്ക്കെടുക്കുന്നു...


തുടർന്ന് കേട്ടറിഞ്ഞ് എല്ലാ താറാവു കർഷകരും ഇങ്ങോട്ടു വരും.....

താറാവുകളുടെ എണ്ണത്തിനനുസരിച്ച് ഒരോരുത്തരും പാടം വിളിച്ചെടുത്തയാൾക്ക് പങ്ക് കൊടുക്കും...


ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക നെൽ വയലുകളിലും വർഷം മുഴുവനും ഇവരിങ്ങനെ സഞ്ചരിക്കുന്നുണ്ടെന്ന വിവരം ആശ്ചര്യപ്പെടുത്തുന്നതാണ്, മുഖ്യധാരാ സമൂഹത്തിന്റെ കണ്ണിൽ പെടാതെ ഇങ്ങനെ എത്ര അതിജീവന മേഖലകൾ..!


ഈ വയലുകളിൽ ഒരു മാസം മുഴുവനും ഈ താറാവുകൾക്ക് സമൃദ്ധമായ ഭക്ഷണം ലഭിക്കുമെന്ന് ആ ചേട്ടൻ പറഞ്ഞു.


ഏതാനും ദിവസങ്ങൾക്കകം കേട്ടറിഞ്ഞെത്തുന്ന താറാവു കർഷകരാൽ ഇവിടം മുഴുവൻ നിറയുമെന്നും പുള്ളി പറഞ്ഞു...


ഇങ്ങനെ ചെറിയ ടെന്റടിച്ച് പണിക്കാരും ഇവിടെ തന്നെ കൂടും.


ഇനി അടുത്ത ഒരു മാസത്തിലേയ്ക്ക് ഈ തോടിന്റേയും റോഡിന്റേയും പാടത്തിന്റേയും അവകാശികൾ ഇവർ മാത്രം..ഇവിടത്തെ കോൾ കഴിഞ്ഞാൽ കൊയ്തു കഴിഞ്ഞ അടുത്ത പാടത്തേയ്ക്ക്....!

നന്ദി.


(ക്യാമറ: നിക്കോണ്‍ ഡി.90, ലെന്‍സ്: സിഗ്മ 18 ~ 50 mm, f2.8, സ്ഥലം: ഏനാമാവ് ബണ്ട് / തൃശൂർ)


Thursday, June 17, 2010

കീരിക്കാടൻ

അധികമൊന്നും പറയാനില്ല....ഞങ്ങൾക്ക് ഇനിയും ഇവിടെ ജീവിക്കേണ്ടതാണ്....!


Wednesday, June 16, 2010

മഴയും മണ്ണും

മാനത്തെ മേഘവും മഴയും മണ്ണും മനുഷ്യനും.


Related Posts with Thumbnails

Blog Archive

V Card

V Card

About Me

My Photo
പാച്ചു ദ് ഗ്രേറ്റ്

എന്റെ അടുത്ത സുഹൃത്തുക്കള്‍

  © Blogger template 'The Pattern' by Ourblogtemplates.com 2008

Back to TOP