Thursday, April 29, 2010

കടലമ്മ എന്റര്‍പ്രൈസസ് പബ്ലിക് അണ്‍ലിമിറ്റഡ് - 2

മാര്‍ക്കറ്റിലേയ്ക്കായി മീനുകളെ ഒരുക്കുന്നത് ഇവിടെയാണ്. വളരെ സജീവമായ ഒരു പണി സ്ഥലം.
ഇവിടെയുള്ള ഒരോരുത്തര്‍ക്കും അവരുടേതായ ജോലികള്‍ പകുത്തു നല്‍കിയിരിക്കുന്നു, അതിലൊരാള്‍ വീഴ്ചവരുത്തിയാല്‍ അത് മൊത്തം ജോലിയുടെ വേഗതയെ ബാധിക്കും.
കടപ്പുറത്തെ മണ്ണ് ഇവിടെ വെച്ച് ക്ലീനിംഗ് ഡിപ്പാര്‍ട്ട്മെന്റിലെ ജീവനക്കാര്‍ കഴുകി കളയുന്നു.

അതിനു ശേഷം ഭാരം നോക്കി തരം തിരിക്കുന്നു.

30 കിലോ മീനുകളെ ഒരു കുട്ടയിലാക്കി തരം തിരിക്കുന്നു.

ശേഷം അടുത്ത വിഭാഗക്കാര്‍ക്ക്.

ഐസ് ഫാക്ടറിയില്‍ നിന്നുള്ള പൊടിഞ്ഞ ഐസുകള്‍ കുട്ടയിലാക്കുകയാണ് ഇദ്ദേഹത്തിന്റെ ഡ്യൂട്ടി.

ശേഷം അളന്നു തരം തിരിച്ച മീനുകള്‍ ബോക്സുകളിലാക്കുന്നു, ഓരോ തൊഴിലിനും അതിന്റേതായ വൈദഗ്ദ്ധ്യം ആവശ്യമാണ്.

മീനുകള്‍ നിരത്തി അതിനു മുകളില്‍ ഐസ് നിരത്തി അതിനു മുകളില്‍ വീണ്ടും ഐസിട്ട്, മുപ്പതു കിലോ അതില്‍ നിറക്കുന്നു.

സ്വാര്‍ഡ് ഫിഷ് പോലെയുള്ള വലിയ മീനുകളുടെ കാര്യത്തില്‍ ഇതല്‍പ്പം ശാരീരിക അദ്ധ്വാനം ആവശ്യമായ തൊഴിലാണ്.

ഓരോ ഭാരം അളക്കലും രേഖപ്പെടുത്താന്‍ ചുമതലപ്പെട്ടയാള്‍ എപ്പോഴും അടുത്തു തന്നെയുണ്ടാകും.
വലിയ മീനുകള്‍ കഴുകി ഐസ് പൊതിഞ്ഞ് അങ്ങനെ തന്നെ ലോറിയില്‍ കയറ്റി അയക്കുന്നു.
മറ്റുള്ളവ ഇതു പോലെ ബോക്സുകളിലാക്കി ലോറിയില്‍ കയറ്റി, ഇവരെ കാത്തിരിക്കുന്ന രാത്രി മാര്‍ക്കറ്റിലെ ആരവങ്ങളിലേയ്ക്ക് യാത്രയാക്കുന്നു, കച്ചവടത്തിന്റെ സക്രിയമായ മറ്റൊരു മുഖത്തിലേയ്ക്ക്.

വന്നവര്‍ക്കെല്ലാം കടലമ്മ എന്റര്‍പ്രൈസസ് സ്പോണ്‍സര്‍ ചെയ്ത ഒരു കുട്ട ഐക്കോറ *ഫ്രീ, ഈ ഓഫര്‍ പരിമിതമായ കാലത്തേയ്ക്കു മാത്രം.
(* ചുമ്മാ പറഞ്ഞതാണേയ് !)
നന്ദി
(ക്യാമറ: നിക്കോണ്‍ ഡി.90, ലെന്‍സ്: സിഗ്മ 18 ~ 50 mm, f2.8, സ്ഥലം: ബ്ലാങ്ങാട് കടപ്പുറം, ചാവക്കാട് / തൃശൂര്‍)

Monday, April 26, 2010

കടലമ്മ എന്റര്‍പ്രൈസസ് പബ്ലിക് അണ്‍ലിമിറ്റഡ്

ന്നു വെച്ചാ, പരിധിയില്ലാതെ വിഭവങ്ങള്‍ സമ്മാനിക്കുന്ന കടലമ്മയെന്ന പൊതു സ്ഥാപനം !

പകലും രാത്രിയും ഇവിടെ സക്രിയമാണ്, ചെറിയ മീനുകളെ മാത്രം പിടിക്കുന്നവര്‍, ചെറിയ മീനുകളെ ഇരയാക്കി വലിയ മീനുകളെ മാത്രം പിടിക്കുന്നവര്‍,
കടപ്പുറത്തെ ബിസിനസ്സ് കാഴ്ചകള്‍ ഇവിടെ ആരംഭിക്കുന്നു, പുറം കടലിലെ ജോലി കഴിഞ്ഞ് കരയിലേയ്ക്ക് കുതിച്ചു കയറ്റുന്ന ഫൈബര്‍ ബോട്ട് (മോട്ടൊറൈസ്ഡ് വഞ്ചി).
ആദ്യമെത്തുന്ന പക്ഷികള്‍ക്കുള്ളതാണ് നല്ല ഫലങ്ങള്‍.


ബോട്ട് കരയിലേയ്ക്ക് തള്ളിക്കയറ്റുന്നു.
ഒരു ബോട്ട് എല്ലാവര്‍ക്കും വേണ്ടി, എല്ലാവരും ഒരു ബോട്ടിനു വേണ്ടി - കൂട്ടായ്മയുടെ കരുത്തില്‍, സഹകരണ അടിസ്ഥാന തത്വങ്ങള്‍ ഇവിടെ പ്രാവര്‍ത്തികമാകുന്നു.


ബോട്ടിന്റെ അറകളില്‍ നിന്ന് മീന്‍ കുട്ടകളിലേയ്ക്ക് മാറ്റുന്നു.
വിലയിടിച്ചേക്കാവുന്നവയെ ഒഴിവാക്കുന്ന ആദ്യ ഘട്ട സ്ക്രൂട്ടിനിംഗും തരം തിരിക്കലും ഈ ഘട്ടത്തില്‍.


കുട്ടകള്‍ ലേലസ്ഥലത്തേയ്ക്ക് കൊണ്ടു പോകുന്നു.
പരിമിതമായ മനുഷ്യ ശക്തിയുടെ പരമാവധി ഉപയോഗം.

ലേലത്തിനായി മീനുകളെ നിരത്തുന്നു.
നല്ല മാര്‍ക്കറ്റിങ്ങിന് നല്ല ഡെമോണ്‍ സ്ട്രേഷനും ആവശ്യമാണ്.


ഈ ഡെമോ യിലൂടെയാണ് കച്ചവടക്കാരെ ആകര്‍ഷിക്കുന്നത്...

ഡെമോണ്‍ സ്ട്രേഷന്‍ പൂര്‍ണ്ണമാകുന്നതോടെ മറ്റു വഞ്ചികളുടെ ഭാഗം വിട്ട് പതിയെ കച്ചവടക്കാര്‍ ഇങ്ങോട്ടു വന്നു തുടങ്ങുന്നു.

ഇനി വിളി തുടങ്ങാം..ആര്‍ക്കും വിളിക്കാം, മൊത്തം ചരക്കിനാണു വിളി, ഇന്നു രൊക്കം, നാളെ കടം.
രണ്ടായിരത്തി അഞ്ഞൂറില്‍ നിന്നു തുടങ്ങി.

വിളിക്കുന്നവരുടെ കണക്കുക്കൂട്ടല്‍.
എത്ര കിലോ വരും, എത്ര വേസ്റ്റേജ് വരും, ഏതു മാര്‍ക്കറ്റില്‍ കൂടുതല്‍ കിട്ടും, കണക്കുകൂട്ടല്‍ അനുസരിച്ച് ലേല സംഖ്യ ഉയരും, നൂറിന്റെ ഗുണിതങ്ങളായാണ് വിളിക്കാറ്.

ലേലത്തിന്റെ ആവേശം കണക്കുകൂട്ടലുകളുടെ കൃത്യതയ്ക്ക് അപ്പുറം കടക്കില്ല.
അനുഭവങ്ങളിലൂടെ പ്രോഗ്രാം ചെയ്ത അക്കൌണ്ടിംഗ് സോഫ്റ്റ്വെയര്‍ ഉള്ളിലിരുന്ന് സെക്കന്റുകള്‍ക്കുള്ളില്‍ ഡാറ്റാ ഔട്ട്പുട്ട് നല്‍കുന്നുണ്ടാവും.

പതിനൊന്നായിരത്തിന് ലേലമുറപ്പിച്ച്, ഇടതു വശത്തു പുറം തിരിഞ്ഞു നില്‍ക്കുന്ന മെറൂണ്‍ കളര്‍ ഷര്‍ട്ടുകാരന്‍ ചേട്ടന്‍, വള്ളക്കാരുടെ ഇന്നത്തെ അദ്ധ്വാനം സ്വന്തമാക്കി.
ക്യാഷ് സ്പോട്ട് പെയ്മെന്റ് ഓണ്‍ലി.
ലേലം കിട്ടിയവരുടെ ജീവനക്കാര്‍ ചരക്ക് കുട്ടയിലാക്കുന്നു.
ബിസിനസ്സില്‍ വിജയം മനകരുത്തുള്ളവര്‍ക്കാണ്.
എല്ലാം വണ്ടിയില്‍ കയറ്റി അടുത്ത ഘട്ടത്തിലേയ്ക്ക്.

ഇതു പോലെ മറ്റു വഞ്ചിക്കാരില്‍ നിന്നും ഇവര്‍ മീനുകള്‍ ലേലം പിടിച്ചിട്ടുണ്ടാ‍വും, അതെല്ലാം ഒരുമിച്ചു കയറ്റി....

…..കടപ്പുറത്തു തന്നെയുള്ള പായ്ക്കിംഗ് സെക്ഷനുകളിലേയ്ക്ക്.
ഈ കച്ചവട മേഖലയുടെ പ്രധാന വിഭാഗമാണ് ഐസ് പായ്ക്കിംഗ്. മിക്ക കച്ചവടക്കാര്‍ക്കും അവരുടെ ചരക്കുകള്‍ മാത്രം കൈകാര്യം ചെയ്യാനായി, ഐസ് പായ്കിംഗ് യൂണിറ്റുകളുമായി നല്ല ടൈ അപ്പ് ഉണ്ടായിരിക്കും.
ചാവക്കാടു കടപ്പുറത്തു നിന്ന് ഈ മീനുകള്‍ തൃശൂര്‍, അങ്കമാലി, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, കോതമംഗലം വഴി എറണാംകുളം വരേയുള്ള സന്ധ്യാ മാര്‍ക്കറ്റുകളില്‍ എത്തും. അതിനു മുന്‍പ് ഈ മീനുകള്‍ കഴുകി വൃത്തിയാക്കി, ഐസ് പായ്ക്കിംഗ് നടത്തും. ആ ചിത്രങ്ങളിലേയ്ക്കു പോകുന്നതിനു മുന്‍പ് ഒരു ചെറിയ ഇടവേള.
(ക്യാമറ: നിക്കോണ്‍ ഡി.90, ലെന്‍സ്: സിഗ്മ 18 ~ 50 mm, f2.8, സ്ഥലം: ബ്ലാങ്ങാട് കടപ്പുറം, ചാവക്കാട് / തൃശൂര്‍)

Thursday, April 22, 2010

എക്സ്ക്ലൂസ്സീവ് കുളിസീന്‍

നനേം കുളീം ഇല്ലാതെ നടക്കുന്ന ചില വികൃതി കുട്ടികളില്ലേ അതു പോലെയാണ് ഈ നായക്കുട്ടിയുടെ കാര്യം,
ഒടുക്കം ‘ശക്തമായ ഇടപെടലുകള്‍‘ തന്നെ വേണ്ടി വന്നു,


ഈ ചൂടിനുള്ള മരുന്ന് ഇതാണെന്നറിഞ്ഞതോടെ ടിയാന്‍ കുളിയോടു കുളി.
പിന്നെ കരക്കു കയറ്റാനായി പാട്.

Wednesday, April 14, 2010

പൊന്‍ കതിരു തേടി - 6

പൊന്‍ കതിരു തേടിയുള്ള യാത്ര തുടരുന്നു.......
മോട്ടോര്‍ പുരകള്‍ - നെല്‍ കൃഷിയ്ക്കും വളരെ പ്രധാനപ്പെട്ട ഡിപ്പാര്‍ട്ട്മെന്റാണ് ജലസേചനം,
ആദ്യാവസാനം ശ്രദ്ധ ആവശ്യമുള്ള ഒരു മേഖലയാണിത്, അതിനായി പാടങ്ങളിലുള്ള ഓഫീസ് മുറിയാണ് ഈ മോട്ടോര്‍ പുരകള്‍,

കൃഷി ഉപകരണങ്ങളുടെ സൂക്ഷിപ്പു മുറിയും കാവല്‍ പുരയുമൊക്കെയായി നെല്‍പ്പാടത്തിന്റെ ഓഫീസ് മുറിയായി ഈ മോട്ടോര്‍ പുരകളെ കണക്കാക്കാം..

ഞാറ്റു വേല കലണ്ടര്‍ പ്രകാരം വിരിപ്പു കൃഷിക്കു - ഒന്നാം പൂവ് - വേണ്ട ഒരുക്കങ്ങള്‍ തുടങ്ങുന്നു,
ഇടവപ്പാതിയിലെ മഴയ്ക്കനുസരിച്ച് വളമിട്ട് നിലമൊരുക്കി..
മിഥുനത്തില്‍ ഞാറ്റൊടി (നഴ് സറി) യൊരുക്കി, കര്‍ക്കിടകത്തില്‍ നെല്ലു പാകി പറിച്ചു നട്ട പാടത്ത് മൂന്നാഴ്ചയായാല്‍ ഒന്നാം ഗഡു വളം ചെയ്യുന്നു,

ചിങ്ങത്തില്‍ നെല്ലിനു രണ്ടാമത്തെ മേല്‍ വളം, കന്നിയില്‍ (സെപറ്റംബര്‍ - ഒക്ടോബര്‍) നെല്ലിന്റെ ഒന്നാം കൃഷിയ്ക്ക് കൊയ്ത്ത്, ശേഷം വിത്തു ശേഖരണം...

തുലാമില്‍ മുണ്ടകന്‍ കൃഷിക്ക് (രണ്ടാം പൂവ്) അടിവളമിട്ട് നിലമൊരുക്കു നടീല്‍, വൃശ്ചികത്തില്‍ ഒന്നാമത്തെ മേല്‍ വളം, ധനുവില്‍ രണ്ടാമത്തെ മേല്‍ വളം,

മകരത്തില്‍ (ജനുവരി-ഫെബ്രുവരി ) മുണ്ടകന്‍ കൊയ്ത്ത്, ശേഷം വീണ്ടും നിലമുഴുത് മൂന്നാം പൂവ് കൃഷിയിറക്കാത്ത ജലാംശമുള്ള പാടങ്ങളില്‍ പയര്‍ പച്ചക്കറി എള്ള് കൃഷികള്‍ക്ക് ആരംഭം.
കുംഭത്തില്‍ പുഞ്ചകൃഷി (മൂന്നാം പൂവ്) ആരംഭം, മേല്‍ വളങ്ങള്‍ തുടക്കം,
മീനം, ചാഴിയെ സൂക്ഷിക്കേണ്ട മാസം, മേടത്തില്‍ കൊയ്ത്ത് വിഷുപ്പിറ്റേന്നത്തെ വിളവെടുപ്പെന്നും പഴമക്കാര്‍ പറയുന്നു,
ഒരാവേശത്താല്‍ പറഞ്ഞു പറഞ്ഞു നമ്മുടെ വിഷയം വിട്ടു, അപ്പോള്‍ നടീല്‍ കഴിഞ്ഞ് വെള്ളം കയറ്റിയിറക്കി, വളമിട്ട്, കളപറിച്ച് ഒരമ്പത് അറുപത് ദിവസങ്ങളായാല്‍ .....

ഇതു പോലെ ചെറുതായി കതിര് പൊട്ടി വരുന്നതു കാണാം.!
കതിരു വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളിലേയ്ക്കും നെല്‍ചെടിയുടെ തുമ്പത്ത് തുളുമ്പി നില്‍ക്കുന്ന മഞ്ഞിന്‍ തുള്ളിയിലേയ്ക്കും യന്ത്രമുപയോഗിച്ചുള്ള കൊയ്തു മെതിയിലേയ്ക്കും പോകുന്നതിനു മുമ്പ് ഒരു ചെറിയ ഇടവേള.
എല്ലാ സുഹൃത്തുക്കള്‍ക്കും പാച്ചു & ടീംസ് നൂറുമേനി വിളവു തരുന്ന ഒരു പുതിയ വര്‍ഷം ആശംസിക്കുന്നു.
നന്ദി,
തുടരും....
(ക്യാമറ: നിക്കോണ്‍ ഡി.90, ലെന്‍സ്: സിഗ്മ 18 ~ 50 mm, f2.8, സിഗ്മ 70 ~ 300 mm)

Saturday, April 10, 2010

ഊഴം കാത്ത്

നടനത്തിനുള്ള ഊഴം കാത്തു നില്‍ക്കുന്ന കഥകളി കലാകാരന്‍

Related Posts with Thumbnails

Blog Archive

V Card

V Card

About Me

My Photo
പാച്ചു ദ് ഗ്രേറ്റ്

എന്റെ അടുത്ത സുഹൃത്തുക്കള്‍

  © Blogger template 'The Pattern' by Ourblogtemplates.com 2008

Back to TOP