Monday, March 29, 2010

കിരീടമഴിച്ചു വെച്ച് വിശ്രമിക്കുന്ന നളന്‍

ഒരു ചെറിയ ഇടവേളയ്ക്കു ശേഷം കളിവിളക്കിനു മുന്നിലെത്തി, ദമയന്തിയോട് പ്രേമ സല്ലാപം നടത്തി സദസ്സിനെ ആനന്ദമൂര്‍ച്ചയിലെത്തിച്ചതിനു ശേഷം ഗ്രീന്‍ റൂമില്‍ വിശ്രമിക്കുന്ന പദ്മശ്രീ കലാമണ്ഡലം ഗോപിയാശാന്‍.
ഗുരുവായൂര്‍ രോഹിണി മണ്ഡപത്തില്‍ നടന്ന നളചരിതം രണ്ടാം ദിവസം കഥകളിയ്കിടയില്‍ നിന്നുള്ള ഒരു ഗ്രീന്‍ റൂം ദൃശ്യം.

Thursday, March 25, 2010

കഥ പറയുന്ന കലങ്ങള്‍

മണ്‍കലങ്ങള്‍ നിര്‍മ്മിക്കുന്നതെങ്ങിനെയെന്നറിയണോ ? പോരൂ തിരുനെല്ലായിലേയ്ക്ക്, പാലക്കാടു ജില്ലയിലെ കുംഭാരന്മാരുടെ ഈ ഗ്രാമത്തിലേയ്ക്ക്...
വൈക്കോലുണക്കാനിട്ടിരിക്കുന്ന ഉള്‍നാടന്‍ വഴികളിലൂടെയുള്ള സൈക്കിള്‍സവാരി ഒരു അനുഭവമാ‍ണ് !.


മണ്‍പാത്ര നിര്‍മ്മാണത്തില്‍ വിദഗ്ദ്ധനായ കണ്ണനെപ്പോലെയുള്ളവരെ കണ്ടുകിട്ടിയാല്‍ കാര്യങ്ങള്‍ ഉഷാറാവും, കാര്യങ്ങള്‍ വിശദമായി പറഞ്ഞു തരാനും നിര്‍മ്മാണരീതികള്‍ കാണിച്ചു തരാനും കണ്ണന്‍ മിടുക്കനാണ്
പാടത്തു നിന്ന് കരാറടിസ്ഥാനത്തില്‍ കുഴിച്ചെടുത്ത് കൊണ്ടു വരുന്ന കളിമണ്ണ്...(ഇമ്പൊസിഷനെഴുതി ശീലമുള്ളവര്‍ക്ക് സംഭാഷണം പകര്‍ത്തിയെഴുതാന്‍ എളുപ്പമായിരിക്കും.!)


….കല്ലുകള്‍ പെറുക്കി മാറ്റി വൃത്തിയാക്കുന്നു ,
‘ഇത് അമ്മു ചേച്ചി, കണ്ണന്റെ അമ്മയാണ് ’


അളവിന് വെള്ളമൊഴിച്ച്....

പാകത്തിനു കുഴച്ചെടുക്കുന്നു,
മുണ്ടൂര് മണ്ണാണ് മണ്ണ്..!!!!
മണ്ണു കുഴച്ചു മാ‍വ് പരുവത്തിലാക്കുന്നു
കണ്ടത്തില്‍ നിന്ന് രണ്ടു മാട്ട് മണ്ണിന് പതിനായിരം കൊടുക്കണം, ചൂളയിലേയ്ക്കുള്ള വിറകിന് അയ്യായിരം, വൈക്കോലിന് ആയിരത്തി അഞ്ഞൂറ്... ഇതിവിടെയെത്തിക്കാനുള്ള കൂലി വേറെ...അമ്മു ചേച്ചി നയം വ്യക്തമാക്കി
മുളങ്കമ്പുപയോഗിച്ചു ചക്രം കറക്കുന്നു

പ്രാര്‍ത്ഥനയോടെ ചക്രത്തില്‍ ആദ്യ മണ്ണു വെയ്ക്കുന്നു

ആവശ്യത്തിനു കളിമണ്ണു അട്ടിയിട്ടു കഴിഞ്ഞാല്‍ വീണ്ടും കറക്കുന്നു

കണ്ണന്റെ കരവിരുത് ഇവിടെ ആരംഭിക്കുന്നു

കുഴഞ്ഞ കളിമണ്ണില്‍ നിന്ന് അഴകളവുകള്‍ തികഞ്ഞ മണ്‍കലത്തിലേയ്ക്ക്...മനസ്സിലെ ആകൃതി അളവുകള്‍ വിരല്‍ തുമ്പിലാവാഹിച്ച്....

ചക്രം കറങ്ങിക്കൊണ്ടേയിരിക്കുന്നു...മനുഷ്യന്റെ സുപ്രധാന കണ്ടെത്തലുകളിലൊന്നാകുന്നു ചക്രം (അതു പിന്നെ ആര്‍ക്കാ അറിയാന്‍ പാടില്ലാത്തെ ! ല്ലേ ?)

ബോറടിച്ചോ ? ഇല്ലെങ്കില്‍ ഇതുവഴി അടുത്ത ലക്കത്തിലേയ്ക്കു കടക്കാം.

കഥ പറയുന്ന കലങ്ങള്‍ - 2

........... കഥ പറയുന്ന കലങ്ങള്‍ തുടരുന്നു
മണ്‍പാത്ര നിര്‍മ്മാണത്തില്‍ ഉള്ളളവുകളും പ്രധാനമാണ്

കറങ്ങുന്ന ചക്രത്തിനു ലംബമായി സഞ്ചരിക്കുന്ന വിരലുകള്‍ ഡിസൈനുകള്‍ സൃഷ്ടിക്കുന്നത് കാണുന്നതു തന്നെ ഒരു അനുഭവമാണ്.

സൂക്ഷ്മതയാണ് ഈ തൊഴിലിന്റെ മുഖമുദ്ര

ചക്രത്തിലെ കലത്തിന് പൂര്‍ണ്ണതയെത്തിയാല്‍ അടിഭാഗം മുറിച്ചെടുത്ത് മാറ്റിവെക്കുന്നു

ഇതു പോലെയൊന്നു വളഞ്ഞു നിന്നു നോക്കുന്നോ !!!

ശേഷം മണ്‍പാത്രങ്ങളുടെ അടിഭാഗം ഈ ഉപകരണങ്ങളുപയോഗിച്ച് അടിച്ചു പരത്തും

അടിച്ചു പരത്തിയതിനു ശേഷം ഇതു പോലെ ഉണക്കാന്‍ വെയ്ക്കുന്നു. വേനല്‍ക്കാലത്ത് ഒരു ദിവസവും മഴക്കാലത്ത് മൂന്നു ദിവസത്തോളവുമാണ് ഉണക്കത്തിന്റെ കണക്ക്.

ഇതിലൂടെയാണ് ചൂളയിലേയ്ക്കുള്ള വിറകിട്ട് കത്തിക്കുന്നത്.

വെയിലത്തു വെച്ചുണക്കിയ പാത്രങ്ങള്‍ കാവി നിറമടിച്ച് ചൂളയിലേയ്ക്കു വെക്കുന്നു. ഇതിനു പിന്‍ വശത്തുള്ള അടുപ്പില്‍ വിറകിട്ടു കത്തിച്ച്, അതിന്റെ ചൂട് തറക്കടിയിലൂടെയുള്ള ചെറിയ തുരങ്കം വഴി ഇതിലേയ്ക്കെത്തിക്കുന്നു. ഇവിടെ പലതട്ടുകളായി കലങ്ങള്‍ നിരത്തി, തട്ടുകള്‍ക്കിടയില്‍ വിറകുകള്‍ വെച്ച്, ആറു തട്ടുകളോളമായാല്‍ അതിനു പുറത്തു വൈക്കോലിട്ടു മൂടി ചൂടു പുറത്തു പോകാതെ സൂക്ഷിക്കുന്നു. മണ്ണിന്റെ നനവു മാറാത്ത ഈ കലങ്ങള്‍ തട്ടു തട്ടുകളായി വിറകുകളും താങ്ങി നില്‍ക്കുന്നത് കാണേണ്ട ഒരു കാഴ്ചയാണ്, പക്ഷെ ഞാന്‍ കണ്ടിട്ടില്ല ! അവരാരേയും കാണിക്കില്ല, കണ്ണു തട്ടിയാലോ, വിശ്വാസമാണത്, ചൂളയില്‍ വെക്കുന്നതിന് കൃത്യമായ ദിവസ / മണിക്കൂര്‍ കണക്കുകളുണ്ട്, വളരെ സൂക്ഷിക്കേണ്ട ഒരു ഘട്ടമാണിത്, ഒരു ചെറിയ പിഴവ് ഇവരെ കടക്കെണിയിലാക്കിയേക്കാം, അതു കൊണ്ട് അവരുടെ വിശ്വാസങ്ങളെ അവര്‍ക്കു വിട്ട് നമുക്ക് വെന്ത കലങ്ങളെ കാണാം.

പാകത്തിനു വെന്ത കലങ്ങളെ കൊട്ടിനോക്കി തിരിച്ചറിയാം, കലര്‍പ്പില്ലാത്ത “ണിം” ആണെങ്കില്‍ നല്ലതാണെന്നുറപ്പിക്കാം, അതാണ് മണ്‍കലത്തിന്റെ ഐ.എസ്.ഐ. മാര്‍ക്ക്.

ആവശ്യക്കാര്‍ക്കെത്ര വേണമെങ്കിലും പാത്രങ്ങള്‍ വാങ്ങാം, കാശു കൊടുത്താല്‍ മതി !!

സന്ദര്‍ശകര്‍ക്ക് അമ്മു ചേച്ചിയുടെ വക ഒരു സമ്മാനവുമുണ്ട്.

മണ്ണിന്റെ മണവും കുളിര്‍മ്മയുമുള്ള കുടിവെള്ളം, ഇത് നിലനില്‍ക്കുന്ന കുളിര്‍മ്മയാണ്, ഫ്രിഡ്ജിലേതു പോലെ നിമിഷങ്ങളുടെ ആയുസ്സുമാത്രമുള്ള ചില്ലിംഗല്ല !

അമ്മു ചേച്ചി..

...കണ്ണന്‍
ഇതിലെ വിവരങ്ങള്‍ക്കും ചെയ്തുതന്ന സൌകര്യങ്ങള്‍ക്കും ഇവരോടു കടപ്പെട്ടിരിക്കുന്നു.

നന്ദി

(ക്യാമറ: നിക്കോണ്‍ ഡി.90, ലെന്‍സ്: സിഗ്മ 18 ~ 50 mm, f2.8, സ്ഥലം: തിരുനെല്ലായി / പാലക്കാട്)

Monday, March 22, 2010

അറ്റന്‍ഷന്‍ പ്ലീസ്...

കാഞ്ഞാണി പാടത്തു നിന്നും അന്തിക്കാട് പാടത്തേയ്ക്കു പോകുന്ന പത്താം നമ്പര്‍ കൊറ്റി അല്‍പ്പസമയത്തിനകം ..... ദാണ്ടെ പോയി !

Friday, March 19, 2010

വല്ലഭനു ടൂവീലറും.....!

ഈ ചേട്ടന്‍ പെട്ടിഓട്ടോക്കാരെ കുത്തുപാള എടുപ്പിച്ചേ അടങ്ങൂ !!!

Monday, March 15, 2010

പെരുവെമ്പിന്റെ താ‍ളം - 2

വാദ്യങ്ങളെ ദേവ വാദ്യങ്ങളെന്നും അസുരവാദ്യങ്ങളെന്നും തിരിച്ചിട്ടുണ്ട്, അമ്പലത്തിനകത്ത്, ദേവസന്നിധിയില്‍ വായിക്കുന്ന മൃദംഗം ഇടയ്ക്ക തുടങ്ങിയ ദേവ വാദ്യങ്ങളും, അമ്പലത്തിനു പുറത്തു
വായിക്കുന്ന മദ്ദളം ചെണ്ട തുടങ്ങിയ അസുരവാദ്യങ്ങളുമാണ്. ഇവിടെ ഇതു നിര്‍മ്മിക്കുന്നതും വ്യത്യസ്ത ആളുകളാണ്. ആയതിനാല്‍ ഇവിടങ്ങളിലെ അയല്‍പക്കങ്ങളില്‍ അനാവശ്യ മത്സരത്തിന്റെ വെറുപ്പുമില്ല.
മരത്തടി ചെത്തിയൊരുക്കി മൃദംഗത്തിന്റെ ശരീരമൊരുക്കുന്നു,

ശേഷം മിനുക്കി ഭംഗിയാക്കുന്നു,

നീണ്ട ഉളിയുപയോഗിച്ച് .......

…...ഉള്‍ഭാഗം പൊള്ളയാക്കുന്നു,

ശേഷം വെയിലത്ത് ഉണക്കാന്‍ വെയ്ക്കുന്നു.

നിര്‍മ്മാണത്തിന്റെ ഒരു ഘട്ടത്തിലും യന്ത്രം ഉപയോഗിക്കുന്നില്ല എന്നിവര്‍ അഭിമാനത്തോടെ പറയുന്നു. യന്ത്രം സ്വാഭാവികത കളയുമെന്നും അതു വാദ്യോപകരണത്തിന്റെ സ്വരത്തെ ബാധിക്കുമെന്നും പറയുന്നു.

വാദ്യോപകരണത്തിനനുസരിച്ച് തുകല്‍ മുറിച്ചെടുത്ത് അരികു തുന്നിച്ചേര്‍ക്കുന്നു,

തബലയ്ക്ക് പലമടക്കായാണ് തുകല്‍ തുന്നിച്ചേര്‍ക്കുക.

ശേഷം ഉപകരണത്തില്‍ പിടിപ്പിക്കുന്നു, കയ്യും കാലും ഉപയോഗിച്ച് പണിയെടുക്കണം എന്നു കാര്‍ന്നോമ്മാര് പറയാറില്ലേ...!

ഇതില്‍ കെട്ടാനുപയോഗിക്കുന്ന നാടയും തുകലില്‍ നിന്ന് പ്രത്യേകം തയ്യാറാക്കിയെടുക്കുന്നതാണ്.

മദ്ദളത്തിന് നാടകെട്ടല് ഇത്തിരി മല്ല് പണിയാണ്.....

അരയില്‍ തുണിയിട്ടു കെട്ടി, നാടയില്‍ ഇരുമ്പു കൊളുത്തിട്ട് കുടുക്കി,
നാട വലിച്ചു മുറുക്കി..

...ആഞ്ഞൊരടി !! ഒന്നല്ല ശ്രുതി ശരിയാകുന്നതു വരെ..!

ശേഷം ചോറിടല്‍, ഉപകരണത്തിന്റെ തുകലിന്റെ നടുവിലായി കാണുന്ന കറുപ്പൊരുക്കുന്നതിനെ അവര്‍ അങ്ങനെയാണു പറയുന്നത്, മദ്ദളത്തിന് കവുങ്ങ്ചോല കരിച്ചിട്ടതും മൃദംഗത്തിനും തബലയ്ക്കും പുരാണകീടം പൊടിച്ചിട്ടതുമാണ് ഉപയോഗിക്കുന്നത്. ശ്രുതി ശരിയാകുന്നതു വരെ അവര്‍ ചോറിട്ടുകൊണ്ടേയിരിക്കും. ഇതില്‍ നിന്നാണ് സംഗീത സദസ്സുകളിലെ മനമിളക്കുന്ന പെരുക്കലുകള്‍ ഉയരുന്നത്.

മൃദംഗം, ചെണ്ട, ശുദ്ധമദ്ദളം, തൊപ്പിമദ്ദളം, തബല, തിമില, ഇടയ്ക്ക തുടങ്ങിയ വാദ്യോപകരണങ്ങള്‍ ഇവിടെ നിര്‍മ്മിക്കുന്നു. മൃദംഗവും മദ്ദളവും പലപ്പോഴും പരസ്പരം തെറ്റിയിരുന്നു, ഒടുക്കം പറഞ്ഞു തന്നു, മടിയില്‍ വെച്ചു കൊട്ടുന്നതിനെ മൃദംഗം എന്നും ഇടുപ്പില്‍ വെച്ചു കൊട്ടുന്നതിനെ മദ്ദളം എന്നും പറയുന്നു. തബല എന്നു പൊതുവില്‍ അറിയപ്പെടുന്ന വാദ്യോപകരണ സംഘത്തിലെ അടൂര്‍ഭാസിയെ പോലെ തടിച്ചിരിക്കുന്നത് ഡെക്ക എന്നും ബഹദൂര്‍ പോലെ മെലിഞ്ഞിരിക്കുന്നതിനെ തബല എന്നും പറയുന്നു. ഈ പഴമയിലും എത്ര പുതുമയുള്ള വിവരങ്ങള്‍ !
ഇതു കൃഷ്ണന്‍ ചേട്ടന്‍,
ഇവരുടെ കുലപതിയാണ്, ഇതിലെ വിവരങ്ങള്‍ക്കും ചെയ്തു തന്ന സൌകര്യങ്ങള്‍ക്കും ഇദ്ദേഹത്തിനോടും ശ്രീ. രാജന്‍ രാമചന്ദ്രനോടും പെരുവെമ്പിലെ ഓരോ തുകല്‍ വാ‍ദ്യോപകരണ തൊഴിലാളിയോടും കടപ്പെട്ടിരിക്കുന്നു.

നന്ദി.

(ക്യാമറ: നിക്കോണ്‍ ഡി.90, ലെന്‍സ്: സിഗ്മ 18 ~ 50 mm, f2.8, സ്ഥലം: പെരുവെമ്പ് / പാലക്കാട്)

Related Posts with Thumbnails

Blog Archive

V Card

V Card

About Me

My Photo
പാച്ചു ദ് ഗ്രേറ്റ്

എന്റെ അടുത്ത സുഹൃത്തുക്കള്‍

  © Blogger template 'The Pattern' by Ourblogtemplates.com 2008

Back to TOP